കോവിഡ് നിരക്ക് കുറയുന്നു; ഗുജറാത്തിലും ഹരിയാനയിലും സ്‌കൂളുകള്‍ തുറക്കുന്നു

അഹമ്മദാബാദ്: കോവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ ഗുജറാത്തിലും ഹരിയാനയിലും സ്‌കൂളുകളും കോളേജുകളും ഘട്ടംഘട്ടമായി തുറക്കാന്‍ തുറക്കാന്‍ തീരുമാനം. ഗുജറാത്തില്‍ ജൂലായ് 15മുതല്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി സ്‌കൂളുകളും ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കായി കോളേജുകളും തുറന്നുപ്രവര്‍ത്തിക്കും.

50 ശതമാനം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പ്രവേശനം. ഹാജര്‍ നിര്‍ബന്ധമില്ലെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ സ്വമേധയ തയാറാണെങ്കില്‍ മാത്രം സ്ഥാപനത്തിലേക്ക് വന്നാല്‍ മതിയെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഹരിയാനയില്‍ ഒമ്പത് മുതല്‍ 12ാം ക്ലാസ് വരെയുള്ളവര്‍ക്ക് ജൂലായ് 16 മുതല്‍ സ്‌കൂളുകള്‍ തുറക്കും. രണ്ടാം ഘട്ടമായി ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് ജൂലായ് 23 മുതല്‍ സ്‌കൂളുകളില്‍ പ്രവേശിക്കാം. ഒന്ന് മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകാരുടെ കാര്യത്തില്‍ നിലവില്‍ തീരുമാനമെടുത്തിട്ടില്ല. ഇവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.

Top