ബീജിങ്: കോവിഡില്‍നിന്നു രോഗമുക്തി നേടിയ 90% ആളുകള്‍ക്കും ശ്വാസകോശത്തിന് തകരാര്‍ സംഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ചൈനയിലെ ഴോങ്നാന്‍ ഹോസ്പിറ്റലില്‍നിന്നു രോഗമുക്തി നേടിയ രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഈ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്.
രോഗമുക്തി നേടിയവരുടെ പ്രതിരോധ സംവിധാനം പൂര്‍ണമായും സാധാരണനിലയിലേക്കെത്തിയിട്ടില്ലെന്നും പഠനം പറയുന്നു. ഇവരില്‍ അഞ്ച് ശതമാനം പേര്‍ക്ക് കോവിഡ് ബാധ വീണ്ടും ഉണ്ടായതായും ഇവര്‍ക്ക് ചികിത്സ നല്‍കിയതായും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആരോഗ്യവാനായ ഒരാള്‍ക്ക് 6 മിനുട്ടിനുള്ളില്‍ 500 മീറ്റര്‍ നടക്കാന്‍ സാധിക്കുമെങ്കില്‍ കോവിഡ് രോഗമുക്തി നേടിയവരില്‍ നടത്തിയ പഠനത്തില്‍ ഇവര്‍ക്ക് ഇത് 400 മീറ്റര്‍ മാത്രമേ സാധിക്കുള്ളൂവെന്ന് പഠനസംഘം പറയുന്നു. രോഗമുക്തി നേടിയെങ്കിലും ശ്വാസതസ്സം നേരിടുന്നവര്‍ ഉണ്ടെന്നും പത്ത് ശതമാനം പേരിലെങ്കിലും വൈറസിനെതിരെ ഉത്പാദിപ്പിക്കപ്പെട്ട ആന്റിബോഡികള്‍ അപ്രത്യക്ഷമായെന്നും പഠനസംഘത്തിലെ ഡോ. ലിയാങ് വ്യക്തമാക്കി.