നെടുങ്കണ്ടം (ഇടുക്കി): കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി വ്യവസായിയുടെ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും മദ്യസത്കാരവും. ശാന്തന്‍പാറയ്ക്കുസമീപം രാജാപ്പാറയിലുള്ള സ്വകാര്യ റിസോര്‍ട്ടിലാണ് സംഭവം. സംഭവത്തില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യനെതിരേ ശാന്തന്‍പാറ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു.
ജൂണ്‍ 28 നായിരുന്നു ഉടുമ്പന്‍ചോലയില്‍ ശാന്തൻപാറയ്ക്കു സമീപമുള്ള റിസോർട്ടിൽ ബെല്ലി ഡാന്‍സും നിശാപാര്‍ട്ടിയും സംഘടിപ്പിച്ചത്. പുതിയതായി തുടങ്ങിയ റിസോർട്ടിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ആഘോഷം നടത്തിയത്. രാത്രി എട്ടിന് തുടങ്ങിയ പരിപാടി ആറു മണിക്കൂറോളമാണ് നീണ്ടുനിന്നത്.
സ്ഥലത്തെ പ്രമുഖരും ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും പ്രധാനികളും പൊലീസ് ഉദ്യോഗസ്ഥരും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആഘോഷരാവിൽ പങ്കെടുത്തു.
ആഘോഷത്തില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ബെല്ലി ഡാന്‍സിനായി നര്‍ത്തകിയെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിച്ചെന്നാണ് ലഭിക്കുന്ന വിവരം.
നിശാപാർട്ടിയിൽ പങ്കെടുത്തവർ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ച വിഡിയോയിലൂടെയാണ് വിവരം പുറത്തറിയുന്നത്. എന്നിട്ടും ആദ്യഘട്ടത്തില്‍ പോലീസ് കേസെടുത്തില്ല. ഇതില്‍ പ്രതിഷേധമുയര്‍ന്നപ്പോഴാണ് കേസെടുത്തത്.സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് ശാന്തന്‍പാറ പോലീസ് അറിയിച്ചു.