മുംബൈ: രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് ബോളിവുഡ് നടന്‍ അനുപം ഖേര്‍. ഈ പ്രതിസന്ധിഘട്ടത്തെ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യേണ്ടിയിരുന്നുവെന്നും അനുപം ഖേര്‍ അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോവിഡ് പ്രതിസന്ധിക്കിടെ കേന്ദ്ര സര്‍ക്കാറിനെതിരെ സമൂഹത്തില്‍ ഉയര്‍ന്നു വന്ന പരസ്യവിമര്‍ശനങ്ങളില്‍ പലതും കഴമ്പുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന് സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നദികളില്‍ മനുഷ്യരുടെ മൃതദേഹം ഒഴുകുന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ മനുഷ്യത്വമുള്ള ആരെയും ബാധിക്കും. അതേസമയം, ഇവ രാഷ്ട്രീയ നേട്ടമാക്കാനുള്ള മറ്റു പാര്‍ട്ടികളുടെ നടപടി ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.