തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധസേനാ വാളണ്ടിയര്‍മാര്‍, പ്രദേശത്തെ സേവനസന്നദ്ധരായവര്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി അയല്‍പക്ക നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രാദേശികമായ കരുതലാണ് ഏറ്റവും പ്രധാനം. അയല്‍പക്ക നിരീക്ഷണ സമിതി, റാപ്പിഡ് റെസ്‌പോണ്‍സ് ടീം, വാര്‍ഡുതല സമിതി, പോലീസ്, സെക്ടറല്‍ മജിസ്‌ട്രേറ്റ് എന്നിവരുടെ നേതൃത്വത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കണം. വ്യാപനം കുറയ്ക്കാനുള്ള ഇടപെടല്‍ ഓരോ പ്രദേശത്തും നടത്തണം.
പോസീറ്റീവ് ആയവരുമായി സമ്പര്‍ക്കത്തിലുള്ള മുഴുവന്‍ പേരെയും നിരീക്ഷണത്തിലാക്കണം. ആദ്യഘട്ടത്തില്‍ ഇടപെട്ടതുപോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സജീവമായി മുന്നോട്ടുനീങ്ങിയാല്‍ പെട്ടെന്നുതന്നെ സാധാരണ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ നമുക്കാവും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 20 ശതമാനത്തിനിടയില്‍ നില്‍ക്കുമ്പോഴും മരണനിരക്ക് 0.5 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ നമുക്കായെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ കോവിഡ് വകഭേദം സജീവമായ വിദേശരാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരെ എയര്‍പോര്‍ട്ടില്‍ പരിശോധിക്കും. 74 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 27 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും 100 ശതമാനം ഒന്നാം ഡോസും 86 ശതമാനം രണ്ടാം ഡോസും നല്‍കി. വാക്‌സിനേഷന്‍ കുറഞ്ഞ തദ്ദേശസ്ഥാപനങ്ങളില്‍ ശരാശരി നിലയിലേക്ക് ഉയര്‍ത്താന്‍ പ്രത്യേക യജ്ഞം നടത്തും. വാക്‌സിനേഷന്‍ ആവശ്യമില്ലെന്നു ചിന്തിക്കുന്നവരെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിന്തിരിപ്പിക്കണം.
സംസ്ഥാനവ്യാപക ലോക്ഡൗണ്‍ പോലുള്ള നടപടികളെ ആരും അനുകൂലിക്കുന്നില്ല. ഇത് സമ്പദ്ഘടനയ്ക്കും ജീവനോപാധികള്‍ക്കും സൃഷ്ടിക്കുന്ന പ്രതിസന്ധി വളരെ വലുതാവും. സാമൂഹിക പ്രതിരോധശേഷി കെട്ടിപ്പടുത്ത് സാധാരണ നിലയിലേക്ക് നീങ്ങണമെന്നാണ് വിദഗ്ധാഭിപ്രായം. ജാഗ്രതയില്‍ ഒട്ടും വിട്ടുവീഴ്ച പാടില്ല.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങരുത്. അത്തരക്കാരില്‍ നിന്നും പിഴ ഈടാക്കും. അവരുടെ സ്വന്തം ചെലവില്‍ ക്വാറന്റയിനിലേക്ക് മാറ്റാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അത്യാവശ്യം സൗകര്യമില്ലെങ്കില്‍ സി.എഫ്.എല്‍.ടി.സി കളില്‍ പോകണം. കരുതല്‍ വാസകേന്ദ്രങ്ങളും സജീവമാക്കേണ്ടതുണ്ട്. അനുബന്ധ രോഗങ്ങള്‍ ഉള്ളവരെയും മുതിര്‍ന്ന പൗരന്മാരെയും നിര്‍ബന്ധമായും ആദ്യദിവസങ്ങളില്‍ തന്നെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കാനാകണം.
കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിലേക്ക് മരുന്നുകള്‍, അവശ്യസാധനങ്ങള്‍, കോവിഡ് ഇതര രോഗങ്ങള്‍ക്കുള്ള ചികിത്സ എന്നിവ ലഭ്യമാക്കാന്‍ വാര്‍ഡുതല സമിതികള്‍ ഉള്‍പ്പെടെയുള്ള സമിതികള്‍ മുന്‍ഗണന നല്‍കണം. ആരും പട്ടിണി കിടക്കുന്നില്ല എന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.