കൊവിഡ് പ്രതിരോധത്തിന്‌റെ ഭാഗമായി ഡ്യൂട്ടിയെടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിരീക്ഷണം ആവശ്യമില്ലെന്ന് പുതിയ മാര്‍ഗരേഖയുമായി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര മാര്‍ഗ രേഖ പിന്തുടര്‍ന്നാണ് തീരുമാനം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരത്തെ ലഭിച്ചിരുന്ന അവധി ഇനി മുതല്‍ ലഭിക്കില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു. പുതിയ മാര്‍ഗനിര്‍ദേശത്തിന് എതിരെ ഡോക്ടര്‍മാര്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്.
കൊവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായാല്‍ നിരീക്ഷണത്തില്‍ പോകുന്നത് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുക അതത് ആശുപത്രി അധികൃതരായിരിക്കും.
വിവിധ പൂളുകളായി തിരിച്ചുള്ള ക്രമീകരണവും ഇനി മുതല്‍ ഉണ്ടാകില്ല. വീക്ക്ലി, ഡ്യൂട്ടി കോംപന്‍സേറ്ററി അവധികളുണ്ടാകും. വേണമെങ്കില്‍ ജീവനക്കാരുടെ റിസേര്‍വ് പൂള്‍ നിര്‍മിക്കാം. ആശുപത്രി അടച്ചിടുന്ന സാഹചര്യം ഒഴിവാക്കാനാണിത്. കൊവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം.