കോവിഡ് പ്രതിരോധം; 327.4 മില്യണ്‍ ഡോളര്‍ ലോക രാജ്യങ്ങള്‍ക്കായി നല്‍കിയതായി കുവൈത്ത് പ്രധാനമന്ത്രി

കുവൈത്ത്: ലോകത്തെ പിടിച്ചു കുലുക്കിയ കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് ലോക രാജ്യങ്ങളുടെ കൂട്ടായ്മയില്‍ 327.4 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ കുവൈത്ത് നല്‍കിയതായി കുവൈത്ത് പ്രധാനമന്ത്രി. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ കുവൈത്ത് അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ പ്രതിനിധിയായി പങ്കെടുത്തു സംസാരിച്ച കുവൈത്ത് പ്രധാനമന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലോകത്ത് എല്ലാ രാജ്യങ്ങളിലും കോവിഡ് പ്രതിരോധ കുത്തിവെപ്പ് മിതമായ തോതില്‍ എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുവൈത്ത് മുന്നോട്ട് വന്നത്. ഏറ്റവും ഒടുവില്‍ വാക്‌സിന്‍ ലോക രാജ്യങ്ങളില്‍ മുഴുവന്‍ എത്തിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് 40 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്തായും പ്രധാനമന്ത്രി വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നതിനാണ് പ്രധാനമായും കുവൈത്ത് ലക്ഷ്യമിടുന്നത്. അതേസമയം രാജ്യത്തെ എല്ലാ വിഭാഗം ജനതക്കും, സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി കുത്തിവെപ്പ് പൂര്‍ത്തിയാക്കി വരുന്നതായും ഇതിനകം 72 ശതമാനത്തിലേറെ പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കി കുവൈത്ത് മാതൃകയായതായും കുവൈത്ത് പ്രധാനമന്ത്രി യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വിശദീകരിച്ചു.

 

Top