ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. നോട്ട് നിരോധനം പോലെ ലോക്ഡൗണും പ്രഖ്യാപിച്ചത് രായ്ക്കുരാമാനമായിരുന്നു. സര്‍ക്കാര്‍ അതിന് സജ്ജമായിരുന്നില്ല. ആളുകള്‍ക്ക് വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ ട്രെയിനുകള്‍ ഉണ്ടായിരുന്നില്ല. ആളുകളുടെ ജീവിതമാര്‍ഗം ബാധിക്കപ്പെട്ടു. സര്‍ക്കാര്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂ- ഖാര്‍ഗെ പറഞ്ഞു.
മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. എന്നാല്‍ വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സമയത്ത് അവര്‍ എന്താണ് ചെയ്തത്? നിങ്ങള്‍ നിങ്ങളുടെ തന്നെ നിയമങ്ങള്‍ ലംഘിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിനുള്ള ക്രെഡിറ്റ് അവര്‍ക്ക് നല്‍കണമെന്നും ഖാര്‍ഗെ പറഞ്ഞു.
ജനങ്ങളോട് പാത്രങ്ങള്‍ കൊട്ടാനും ദീപങ്ങള്‍ തെളിയിക്കാനും പ്രധാനമന്ത്രി മോദി അഭ്യര്‍ഥിച്ചു. ആളുകള്‍ അദ്ദേഹത്തെ വിശ്വസിക്കുകയും അതെല്ലാം ചെയ്യുകയും ചെയ്തു. മോദി അദ്ദേഹത്തിന്റെ വാഗ്ദാനം നടപ്പാക്കിയില്ല, പകരം ജനങ്ങളെ നിരാശപ്പെടുത്തി. അതിന്റെ പഴി ഏറ്റെടുക്കുന്നതിനു പകരം ആരോഗ്യമന്ത്രിയെ മോദി ബലിയാടാക്കി എന്നും ഖാര്‍ഗെ വിമര്‍ശിച്ചു.