സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം, കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാവുകയും വിദ്യാഭ്യാസ, സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ളവ ക്ലസ്റ്ററുകളായി മാറുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയേറി. എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്ന് തീരുമാനിക്കാന്‍ മറ്റന്നാള്‍ കൊവിഡ് അവലോകന യോഗം ചേരും. മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴി പങ്കെടുക്കും.

നിലവില്‍ സെക്രട്ടറിയേറ്റ്, കെഎസ്ആര്‍ടിസി, പൊലീസ് അടക്കം ഇടങ്ങളില്‍ കൊവിഡ് വ്യാപനം തീവ്രമാണ്. ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. കിടത്തി ചികില്‍സ ആവശ്യമുള്ള കൊവിഡ് രോഗികളുടെ എണ്ണത്തിലും വര്‍ധന ഉണ്ടാകുന്നുണ്ട്. നിലവിലെ അവസ്ഥയില്‍ രോഗ വ്യാപനം തീവ്രമാവുകയും ആശുപത്രികള്‍ നിറയുകയും ചെയ്താല്‍ അത് ആരോഗ്യ സംവിധാനത്തെ തകിടം മറിക്കും . വിദഗ്ധ ചികില്‍സയ്ക്ക് തടസം നേരിടുന്ന സാഹചര്യവും ഉണ്ടാകും.

ചികില്‍സക്കായി കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ തുറക്കുന്നതും പരിഗണനയിലുണ്ട്. രോഗവാസ്ഥ ഗുരുതരമല്ലാത്തവരേയും എന്നാല്‍ ഡോക്ടറുടെ സേവനം ആവശ്യമുള്ളവരേയും ഇത്തരം കേന്ദ്രങ്ങളിലേക്ക് മാറ്റും. നിലവില്‍ എറണാകുളത്ത് അടക്കം കൂടുതല്‍ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. നിലവില്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ സ്‌റ്റോക്കുണ്ട്. ആവശ്യമായി വന്നാല്‍ കൂടുതല്‍ ഓക്‌സിജന്‍ എത്തിക്കാനുളള നടപടികളും കൈക്കൊണ്ടിട്ടുണ്ട്.

10 ദിവസം കൊണ്ട് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കൊവിഡ് കേസുകളില്‍ ഏകദേശം 60161 വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. വരുന്ന രണ്ടാഴ്ചയില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടായേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

Top