സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണം; ജനുവരി 23, 30 തീയതികളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം

തിരുവനന്തപുരം: കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ഞായറാഴ്ചകളില്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. 23, 30 തിയതികളിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. വിവാഹ, മരണ ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം വീണ്ടും കുറച്ചിട്ടുണ്ട്.

ഇന്ന് നടന്ന കോവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനമായത്. സമ്പൂര്‍ണ അടച്ചുപൂട്ടലുണ്ടാകില്ലെന്നാണ് സൂചന. വിവാഹ, മരണ ചടങ്ങുകളില്‍ 20 പേര്‍ക്കുമാത്രമായിരിക്കും അനുമതിയുണ്ടാകുക. തീവ്രവ്യാപനമുള്ള സ്ഥലങ്ങളിലൊന്നും പൊതുപരിപാടികള്‍ക്ക് അനുമതിയുണ്ടാകില്ല. അതിര്‍ത്തി ജില്ലകളില്‍ നിയന്ത്രണം കര്‍ശനമാക്കും. ഇവിടങ്ങളില്‍ വാഹനപരിശോധനയുണ്ടാകും.

അടുത്ത രണ്ട് ഞായറാഴ്ചകളിലേക്കാണ് ഇപ്പോള്‍ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്ന് അവശ്യ സര്‍വീസുകള്‍ക്കു മാത്രമായിരിക്കും അനുമതി. നേരത്തെ രാത്രികാല കര്‍ഫ്യൂവും പൂര്‍ണമായ വാരാന്ത്യ ലോക്ഡൗണും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍, രാത്രികാല കര്‍ഫ്യൂ വേണ്ടത്ര ഫലപ്രദമല്ലെന്ന് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ഓരോ ജില്ലകളിലെയും ക്ലസ്റ്ററുകളില്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജില്ലകളിലെ രോഗവ്യാപനം തടയാന്‍ സോണുകളായി തിരിക്കും. ഇവിടങ്ങളിലെ നിയന്ത്രണം ജില്ലാ ഭരണകൂടം തീരുമാനിക്കും. സെക്രട്ടറിയേറ്റിലെ വാര്‍ റൂം പ്രവര്‍ത്തനം പുനരാരംഭിക്കും. വാര്‍ഡുതല സമിതികള്‍ വീണ്ടും സജീവമാക്കും.

കടുത്ത നിയന്ത്രണത്തിലേക്കു പോകേണ്ട ഘട്ടത്തിലാണ് സംസ്ഥാനമെന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു. എന്നാല്‍, നിലവില്‍ സംസ്ഥാനത്തെ സാമ്പത്തിക സാഹചര്യം പരിഗണിച്ച് സമ്പൂര്‍ണ ലോക്ഡൗണ്‍ സാധ്യമല്ലെന്നും വിലയിരുത്തി. ആള്‍ക്കൂട്ടങ്ങളെ പരമാവധി ഒഴിവാക്കുകയും സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Top