ഒമിക്രോണ്‍ വ്യാപനം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഗള്‍ഫ് രാജ്യങ്ങള്‍

മസ്‌കത്ത്: കോവിഡ് വകഭേദം ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഒമാനില്‍ പൊതുസ്ഥലങ്ങളിലും ഓഫിസുകളിലും പ്രവേശിക്കാനും 18 വയസ്സ് കഴിഞ്ഞ വിദേശികള്‍ക്കു രാജ്യത്തെത്താനും 2 ഡോസ് വാക്‌സീന്‍ നിര്‍ബന്ധമാക്കി. 72 മണിക്കൂറിനകമുള്ള ആര്‍ടി പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് കരുതണം. വാക്സീനെടുക്കാന്‍ ആരോഗ്യപ്രശ്നമുള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

അസ്ട്രസെനക (കോവിഷീല്‍ഡ്), കോവാക്‌സിന്‍, ഫൈസര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മൊഡേണ, സ്പുട്‌നിക്-V, സിനോവാക്, സിനോഫാം എന്നിവയാണ് ഒമാന്‍ അംഗീകരിച്ച വാക്‌സീനുകള്‍.

അബുദാബിയില്‍ ഗ്രീന്‍പാസും 48 മണിക്കൂറിനകമുള്ള പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്കേ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളൂ. വാക്‌സിനേഷന്റെയും പിസിആര്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണു ഗ്രീന്‍പാസ് ലഭിക്കുക. മറ്റു എമിറേറ്റില്‍നിന്ന് അബുദാബിയിലേക്കു വരുന്നവര്‍ക്കു കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കുവൈത്തില്‍ എത്തുന്നവര്‍ക്ക് 3 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ നിലവില്‍ വന്നു. 72 മണിക്കൂറിനു ശേഷം പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയാല്‍ പുറത്തിറങ്ങാം. പോസിറ്റീവ് ആണെങ്കില്‍ 10 ദിവസം ക്വാറന്റീനില്‍ തുടരണം.

Top