തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നതിന്റെ സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തി. ദേവസ്വം ഭരണസമിതിയുടേതാണ് തീരുമാനം. നാളെ മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരും.
ദിവസവും 3000 പേര്‍ക്ക് മാത്രമായിരിക്കും ദര്‍ശനത്തിന് അനുവാദമുണ്ടാകുക. ഓണ്‍ലൈനായി ദര്‍ശനത്തിന് ബുക്ക് ചെയ്തവര്‍ക്ക് മാത്രമായിരിക്കും അവസരം. നിലവില്‍ 10,000 പേരെ വരെ അനുവദിച്ചിരുന്നു. കുട്ടികളുടെ ചോറൂണ് നടത്തുന്നത് നിര്‍ത്തലാക്കി. ചോറൂണ് ബുക്ക് ചെയ്തവര്‍ക്ക് വഴിപാട് വീടുകളില്‍ നടത്താന്‍ സാധിക്കുന്ന വിധത്തില്‍ നിവേദ്യം അടങ്ങുന്ന കിറ്റ് നല്‍കും. വിവാഹത്തിന് പത്ത് പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. രണ്ട് ഫോട്ടോഗ്രാഫര്‍മാരെ ഇതിനുപുറമേ അനുവദിക്കും.
പ്രഭാതഭക്ഷണം 500 പേര്‍ക്കും ഉച്ചഭക്ഷണം 1000 പേര്‍ക്കും പാഴ്‌സലായി നല്‍കും. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ കലാപരിപാടികളും ദിവസവും രാത്രി ക്ഷേത്രത്തില്‍ നടത്തിയിരുന്ന കൃഷ്ണനാട്ടവും നിര്‍ത്തിവച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുലാഭാരം നടത്താം.