ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും, തല്‍ക്കാലം കൊവിഡ് നിയന്ത്രണങ്ങളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടതില്ലെന്ന് ധാരണ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിലും തത്കാലം നിയന്ത്രണമില്ല. രാത്രികാല കര്‍ഫ്യൂ ഉണ്ടാകില്ല.

അതേസമയം, സംസ്ഥാനത്ത് പൊതു ചടങ്ങുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരും. പൊതുസ്വകാര്യ ചടങ്ങുകള്‍ക്കും ആള്‍ക്കൂട്ട നിയന്ത്രണം ബാധകമാണ്. വിവാഹം മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആയി നിജപ്പെടുത്തി. രാത്രികാല നിയന്ത്രണങ്ങളും യാത്രാ നിരോധനവും നിലവില്‍ നടപ്പാക്കേണ്ടതില്ലെന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം.

അതേസമയം, നിയന്ത്രണങ്ങളുടെ ഭാഗമായി ഓഫിസുകളുടെ പ്രവര്‍ത്തനം പരമാവധി ഓണ്‍ലൈനാക്കാനും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ തന്നെ സംസ്ഥാനത്ത് വിവാഹം, മരണാനന്തര ചടങ്ങുകള്‍ ഉള്‍പ്പെടെ പൊതുപരിപാടികള്‍ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം നിജപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് അടച്ചിട്ട മുറികളില്‍ പരമാവധി 75 പേര്‍ക്കും, തുറസ്സായ സ്ഥലങ്ങളില്‍ പരമാവധി 150 പേര്‍ക്കും മാത്രമാണ് പരിപാടികളില്‍ പങ്കെടുക്കാനാവുക.

Top