കാസര്‍കോട്: കാസര്‍കോട് ക്വാറന്റീനില്‍ കഴിയവേ മരിച്ച അതിഥി തൊഴിലാളിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. യു പി സ്വദേശി ബണ്ടി (24) ആണ് കാസര്‍കോട് സ്വകാര്യ ലോഡ്ജില്‍ ക്വാറന്റീനില്‍ കഴിയവേ മരിച്ചത്. മരണ കാരണമറിയാന്‍ ഇയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും. ഇന്നലെ രാവിലെയാണ് നാല് സുഹൃത്തുക്കള്‍ക്കൊപ്പം ട്രെയിനില്‍ ഇയാള്‍ കാസര്‍കോടെത്തിയത്.
ലോഡ്ജ് മുറിയില്‍ ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് മൃതദേഹം. അതേസമയം സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.
പത്തനംതിട്ട ജില്ലയില്‍ നിന്നും 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 9 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.