തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഇന്നു മുതലുള്ള ഒരാഴ്ച ജില്ലയില്‍ പ്രാദേശികാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ച ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇതു പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി നിലവില്‍വരും.
നിയന്ത്രണങ്ങള്‍ ഇങ്ങനെ
** എ, ബി കാറ്റഗറികളിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും കമ്പനികളും കമ്മിഷനുകളും കോര്‍പ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 100% ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. സി കാറ്റഗറിയില്‍പ്പെടുന്ന സ്ഥലങ്ങളില്‍ ഈ ഓഫിസുകള്‍ 50% ആളുകളെ ഉപയോഗിച്ചു പ്രവര്‍ത്തിക്കാം. ബാക്കിയുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യണം.
** ബാങ്കുകള്‍ക്ക് ആഴ്ചയില്‍ അഞ്ചു ദിവസവും പ്രവര്‍ത്തിക്കാം. ജൂലൈ 17ന് അവധിയായിരിക്കും.
** എ, ബി കാറ്റഗറിയുള്ള തദ്ദേശ സ്ഥാപന പരിധിയില്‍ പരമാവധി 15 ആളുകളെ ഉള്‍പ്പെടുത്തിയുള്ള ചടങ്ങുകള്‍ക്കായി ആരാധനാലയങ്ങള്‍ തുറക്കാം. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.
** എല്ലാ കാറ്റഗറികളിലുമുള്ള സ്ഥലങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളിലുള്‍പ്പെടെ പരീക്ഷകള്‍ നടത്താവുന്നതാണ്.
** എ, ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ ടെലിവിഷന്‍ സീരിയലുകളുടെ ഇന്‍ഡോര്‍ ഷൂട്ടിങ് അനുവദിക്കും. പരമാവധി ആളുകളുടെ എണ്ണം കുറച്ച് കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെയാകണം ഇത്.
** മറ്റു ദിവസങ്ങള്‍ക്കു പുറമേ എ, ബി, സി കാറ്റഗറികളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോം ഡെലിവറിക്കു മാത്രമായി പ്രവര്‍ത്തിക്കാവുന്നതാണ്. മറ്റു ദിവസങ്ങളില്‍ ആളുകളുടെ തിരക്ക് പൂര്‍ണമായി ഒഴിവാക്കണം. 100 ചതുരശ്ര അടി സ്ഥലത്ത് അഞ്ച് ആളുകള്‍ എന്ന കണക്കിലേ പ്രവേശനം അനുവദിക്കൂ. കടകളുടെ വിസ്തീര്‍ണം, അകത്തു പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം. ഉപഭോക്താക്കളുടെ വിവരങ്ങള്‍ എഴുതുന്ന രജിസ്റ്റര്‍, തെര്‍മല്‍ സ്‌കാനിങ്, ഹാന്‍ഡ് സാനിറ്റൈസിങ് സൗകര്യം തുടങ്ങിയവ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പ്രവേശന കവാടങ്ങളില്‍ ഒരുക്കണം. ആവശ്യമെങ്കില്‍ കടകളുടെ പുറത്ത് ക്യൂ സംവിധാനമൊരുക്കണം.
** ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും.
** കാറ്റഗറി ഡില്‍പ്പെടുന്ന സ്ഥലങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ ആഴ്ചയിലെ എല്ലാ ദിവസവുമുണ്ടാകും. ഇവിടെ പൊലീസിന്റെ കര്‍ശന നിരീക്ഷണവും പരിശോധനയുമുണ്ടാകും.
** കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആവശ്യാനുസരണം മാത്രം പൊതുഗതാഗതം അനുവദിക്കും. സി, ഡി വിഭാഗങ്ങളില്‍പ്പെടുന്ന സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്കു സ്‌റ്റോപ്പ് ഉണ്ടാകില്ല.
* ഓരോ കാറ്റഗറിയിലു നിലവില്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍ തുടരും.
* ബി കാറ്റഗറിയിലുള്ള പ്രദേശങ്ങളില്‍ ഓട്ടോ റിക്ഷകള്‍ െ്രെഡവര്‍ക്കുപുറമേ രണ്ടു യാത്രക്കാരെ കയറ്റി ഓടാം.
* മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ ആര്‍.ടി.പി.സി.ആര്‍. നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കരുതണം.
* എ, ബി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളില്‍ ഹോട്ടലുകളും റസ്റ്ററന്റുകളും ടെക്ക് എവേ, ഹോം ഡെലിവറി എന്നിവയ്ക്കായി രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം.
* എ, ബി കാറ്റഗറി പ്രദേശങ്ങളിലെ ജിമ്മുകള്‍, ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് എന്നിവ എസി ഉപയോഗിക്കാതെ ആവശ്യത്തിനു വായൂ സഞ്ചാരമുള്ള സ്ഥലങ്ങളില്‍ ഒരേ സമയം പരമാവധി 20 പേരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം.
* എ, ബി, സി വിഭാഗങ്ങളില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള കടകള്‍ തുറക്കാന്‍ അനുവദിച്ചിട്ടുള്ള ദിവസങ്ങളില്‍ രാത്രി എട്ടു വരെ പ്രവര്‍ത്തിക്കാം.