കോവിഡ് വ്യാപനം;അഞ്ചാംഘട്ട ഇളവുകൾ ഉടൻ ഉണ്ടാകില്ലെന്ന് കുവൈത്ത്

കുവൈത്ത് : കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ അഞ്ചാഘട്ടം ഉടനുണ്ടാകില്ലെന്ന് കുവൈത്ത്. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ നാലാംഘട്ട ഇളവുകൾ തുടരാനാണ് സർക്കാർ തീരുമാനം. അഞ്ചുഘട്ടങ്ങളിലായി നിയന്ത്രണം നീക്കി ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനായിരുന്നു സർക്കാർ പദ്ധതി. എന്നാൽ കോവിഡ് വ്യാപനം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

 

വിവാഹം, പൊതുപരിപാടികൾ, പ്രദർശനങ്ങൾ, ട്രെയിനിങ് കോഴ്‌സുകൾ, ബിരുദദാന ചടങ്ങുകൾ എന്നിവക്കുള്ള നിയന്ത്രണം തുടരും. സിനിമ നാടക തിയേറ്ററുകൾ തുറക്കുന്നതും സർക്കാർ ഓഫീസുകൾ പൂർണതോതിൽ പ്രവർത്തിക്കുന്നതും വൈകും. ഒരറിയിപ്പുണ്ടാവുന്നത് വരെ അഞ്ചാംഘട്ടഇളവുകൾ നടപ്പാക്കുന്നത് നിർത്തിവെച്ചതായി സർക്കാർ വക്താവ് താരിഖ് അൽ മസ്റം അറിയിച്ചു.

 

ആഗസ്റ്റ് 23 മുതൽ അഞ്ചാംഘട്ടം ആരംഭിക്കുമെന്നായിരുന്നു സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നിലവിൽ ഇളവുകളുടെ കാര്യത്തിൽ നാലാം ഘട്ടത്തിലാണ് രാജ്യം. നിയന്ത്രണം ലഘൂകരിച്ചതിന് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിന കോവിഡ് കേസുകളിൽ വർദ്ധനവുരേഖപ്പെടുത്തിയിരുന്നു. സമീപ ദിവസങ്ങളിലെ കോവിഡ് വ്യാപനം വിലയിരുത്തിയാണ് അഞ്ചാംഘട്ടത്തിലേക്ക് ഇപ്പോൾ പ്രവേശിക്കേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചത് .

Top