റിയാദ്: വിദേശ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ മരിച്ചത് സൗദിയില്‍. കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ നല്‍കിയ കണക്കാണിത്. വിദേശ രാജ്യങ്ങളില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 3570 ഇന്ത്യക്കാരുടെ കൊവിഡ് മരണങ്ങളില്‍ 1154 എണ്ണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സൗദിയിലാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി.
894 പേര്‍ മരണപ്പെട്ട യുഎഇയിലാണ് ഇന്ത്യക്കാരുടെ കൊവിഡ് മരണങ്ങളില്‍ രണ്ടാമത്. കുവൈറ്റില്‍ 546ഉം ഒമാനില്‍ 384ഉം ഖത്തറില്‍ 106ഉം ഇന്ത്യക്കാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിനകം 70 വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. ഇവിടങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും നല്‍കിയ കണക്കുകളുടെ അടിസ്ഥാനത്തിലാണിത്.
മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കുടുംബക്കാരുടെ താല്‍പര്യപ്രകാരം വിദേശരാജ്യങ്ങളില്‍ തന്നെ സംസ്‌ക്കരിക്കുകയോ ഇന്ത്യയിലേക്ക് എത്തിക്കുകയോ ചെയ്യുന്നതിനുള്ള സഹായങ്ങള്‍ അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും ചെയ്തതായും മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ നടപ്പിലാക്കി വരുന്ന വന്ദേഭാരത് ദൗത്യത്തിലൂടെ ഏപ്രില്‍ 30 വരെ 60,92,264 പ്രവാസികളെയാണ് ഇതിനകം രാജ്യത്ത് എത്തിച്ചതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ രണ്ടാം തരംഗ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ 52 വിദേശ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് സഹായവുമായി എത്തി.
വിവിധ സര്‍ക്കാരുകളും സ്വകാര്യ ഏജന്‍സികളും സഹായവുമായി എത്തിയിരുന്നതായും മന്ത്രി അറിയിച്ചു. 27,116 ഓക്സിജന്‍ സിലിണ്ടറുകള്‍, 29,327 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 885 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ എന്നിവയുള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തുകയുണ്ടായി. കൊവിഡ് ചികില്‍സയ്ക്കാവശ്യമായ 45 ലക്ഷത്തോളം മരുന്നുകളും വിദേശ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കി.