തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം തരംഗം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി പ്രതിപക്ഷം. എം. കെ മുനീര്‍ എം.എല്‍.എയാണ് നോട്ടിസ് നല്‍കിയത്.
അനിയന്ത്രിതമായ രീതിയില്‍ രോഗവ്യാപനം ഉണ്ടാകുന്നതായി പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാര്‍ കൊവിഡ് മരണ നിരക്ക് കുറച്ചു കാണിക്കുകയാണ്. മരണസംഖ്യ ക്രമാതീതമായി ഉയരുകയാണെന്നും വാക്സിന്‍ ക്ഷാമം ഗുരുതര സാഹചര്യം സൃഷ്ടിക്കുന്നതായും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
കടല്‍ക്ഷോഭവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷം ഇന്നലെ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിരുന്നു. പി. സി വിഷ്ണുനാഥ് എംഎല്‍എയായിരുന്നു ഇന്നലെ നോട്ടിസ് നല്‍കിയത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയിരുന്നു.