കൊവിഡ് രണ്ടാംതരംഗം: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. വ്യാഴാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റി അന്‍പത്തിയെട്ട് പേരാണ് രാജ്യത്ത് രോഗികളായത്. രണ്ടാം തരംഗത്തില്‍ ഇതാദ്യമായിട്ടാണ് രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടത്.

ഒറ്റദിവസത്തിനിടെ അന്‍പത്തിയേഴായിരത്തി എഴുപത്തിനാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ടയാണ് പ്രതിദിന കണക്കില്‍ മുന്‍പില്‍. തൊട്ടുപിന്നിലുള്ള ഛത്തീസ്ഘട്ട്, പഞ്ചാബ്, കര്‍ണ്ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ മൂവായിരം മുതല്‍ ആറായിരം വരെയാണ് പ്രതിദിന രോഗികളുടെ എണ്ണം. ചികിത്സയിലുള്ളവരുെട എണ്ണം ഏഴ് ലക്ഷം പിന്നിട്ടതോടെ  കൂടുതല്‍ സംവിധാനങ്ങള്‍ രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മുപ്പത്തിയഞ്ച് വയസിന് മുകളിലുള്ളവര്‍ക്ക് ഈ മാസം അവസാനമോ അടുത്തമാസം ആദ്യം മുതലോ വാക്സീന്‍ നല്‍കി തുടങ്ങും.

Top