തൊടുപുഴ: ഇടുക്കിയില്‍ കുടുതല്‍ കോവിഡ് പോസ്റ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി എം.എം.മണി. ജില്ലയിലെ സ്ഥിതി വിലയിരുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തൊടുപുഴ നഗരസഭാ കൗണ്‍സിലറും ജില്ലാ ആശുപത്രിയിലെ നഴ്സും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
പീരുമേട് എംഎല്‍എ ഇ.എസ് ബിജിമോളും നിരീക്ഷണത്തിലാണ്.വണ്ടന്‍മേടില്‍ രോഗം സ്ഥിരീകരിച്ച ഡോക്ടറുമായി എം.എല്‍.എ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇതാണ് നിരീക്ഷണത്തിലാക്കാന്‍ കാരണം.
17 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇടുക്കിയില്‍ അതീവ ജാഗ്രത തുടരാന്‍ ആണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. മൂന്ന് ദിവസത്തേക്ക് കൂടുതല്‍ കേസുകള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് അവലോകന യോഗത്തിന് ശേഷം ജില്ലാകളക്ടര്‍ വ്യക്തമാക്കിയത്.
നിലവില്‍ റെഡ് സോണിലാണ് ഇടുക്കി ജില്ല. കടുത്ത നിയന്ത്രണങ്ങളും ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍, ഇരട്ടയാര്‍, ചക്കുപള്ളം പഞ്ചായത്തുകളും കട്ടപ്പന നഗരസഭയും ഇപ്പോള്‍ ഹോട്ട്സ്പോട്ടിലാണ്.