ന്യൂഡല്‍ഹി: തെലങ്കാനയില്‍ കൊവിഡ് സമൂഹവ്യാപനമുണ്ടായെന്ന് തെലങ്കാന പൊതുജനാരോഗ്യ ഡയറക്ടര്‍ ജി ശ്രീനിവാസ റാവു അറിയിച്ചു. ഇതോ തുടര്‍ന്ന് ഇനിയുള്ള നാലഞ്ച് ആഴ്ചകള്‍ വളരെ നിര്‍ണായകമാണെന്നും ജനങ്ങള്‍ കര്‍ശനമായി സാമൂഹിക അകലം പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
തെലങ്കാനയില്‍ ആകെ രോഗബാധിതരുടെ എണ്ണം അരലക്ഷം കടന്നിട്ടുണ്ട്. തെലങ്കാനയില്‍ ഇന്ന് മാത്രം 1567 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 662 രോഗികള്‍ ഹൈദരാബാദില്‍ ആണ്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 50826 എന്നാണ് അവസാനം ലഭിക്കുന്ന റിപ്പോര്‍ട്ട്. ഇവിടെ ഇന്ന് മാത്രം ഒമ്പത് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
ഇതോടെ ആകെ കൊവിഡ് മരണം 447 ആയി. തെലങ്കാനയില്‍ നിലവില്‍ ചികിത്സയിലുളളവരുടെ എണ്ണം 11052 ആണ്.രാജ്യത്താകെ 12,38,635 കൊവിഡ് ബാധിതരുണ്ടെന്നാണ് കണക്ക്. 24 മണിക്കൂറിനിടെ 45,000 കൊവിഡ് കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. ആകെ കൊവിഡ് മരണം 29,861 എന്നാണ് റിപ്പോര്‍ട്ട്.
3,56,439 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയില്‍ ഇന്ന് 9,895 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 3,47,502 ആയി. ഇന്ന് 298 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 12,854 ആയി. ഇന്ത്യയിലെ ആകെ രോഗബാധിതരുടെ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്.