ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ വിവിധ സംസ്ഥാനങ്ങള്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു തുടങ്ങി. മിക്ക സംസ്ഥാനങ്ങളും വാരാന്ത്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. രോഗികളുടെ എണ്ണം നാലായിരത്തോളം എത്തിയതോടെ, നാളെ മുതല്‍ നാല് ദിവസം ത്രിപുരയില്‍ പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
പശ്ചിമ ബംഗാളില്‍ രോഗികളുടെ എണ്ണം അമ്പത്തിയാറായിരം കടന്നത്തോടെ വാരാന്ത്യ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. നഗരങ്ങളില്‍ പൊതുഗതാഗതവും ഇല്ല. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തന്നെ രോഗബാധിതനായ മധ്യപ്രദേശില്‍ ഭോപ്പാല്‍ നഗരം പത്ത് ദിവസത്തേക്ക് അടച്ചു. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ കോയമ്പത്തൂര്‍ നഗരം രണ്ടു ദിവസത്തേക്ക് അടച്ചു. അറുപതിനായിരത്തിലേറെ രോഗികള്‍ക്കുള്ള ഉത്തര്‍പ്രദേശില്‍ വാരാന്ത്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
ഉത്തരാഖണ്ഡില്‍ ഹരിദ്വാറും നൈനിത്താലുമടക്കം നാലു ജില്ലകള്‍ അടച്ചു. ജമ്മുവില്‍ അറുപത് മണിക്കൂര്‍ ലോക്ഡൗണ്‍ വെള്ളിയാഴ്ച തുടങ്ങി. കാശ്മീരില്‍ ആറ് ദിവസ ലോക്ഡൗണ്‍ ആണ്. ജമ്മുകശ്മീരില്‍ രോഗികളുടെ എണ്ണം പതിനാറായിരം കടന്നു. മൂന്നര ലക്ഷത്തിലേറെ രോഗികള്‍ക്കുള്ള മഹാരാഷ്ട്രയില്‍ നാഗ്പൂരില്‍ നഗരത്തില്‍ ഇന്നും നാളെയും ജനത കര്‍ഫ്യൂ ആണ്.
നാഗാലാന്‍ഡില്‍ തലസ്ഥാനമായ കൊഹീമയില്‍ ഈ മാസം അവസാനം വരെ സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ പ്രഖ്യാപിച്ചു. മേഘാലയയിലെ ഷില്ലോംഗ് നഗരം അടച്ചു. ഛത്തീസ്ഘണ്ഡില്‍ നഗരപരിധികളില്‍, ഏഴു ദിവസം അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തി. ഒഡീഷയില്‍ അഞ്ചു ജില്ലകള്‍ 14 ദിവസ ലോക്ഡൗണിലാണ്.