ജീവനക്കാരില്‍ കൊവിഡ് വ്യാപനം രൂക്ഷം; സുപ്രിംകോടതിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

ജീവനക്കാരില്‍ വ്യാപകമായി കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ സുപ്രിംകോടതിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. കോടതിവളപ്പില്‍ കൂട്ടംകൂടുന്നത് വിലക്കി. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ കോടതിയിലേക്ക് വരരുത്. രോഗലക്ഷണങ്ങള്‍ ഉള്ള ജീവനക്കാരും അഭിഭാഷകരും ആര്‍ടി പിസിആര്‍ പരിശോധന നടത്തണമെന്നും, മൂന്ന് പേരില്‍ കൂടുതല്‍ ഒരേസമയം ലിഫ്റ്റ് ഉപയോഗിക്കരുതെന്നും അസിസ്റ്റന്റ് റജിസ്ട്രാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.

അതേസമയം, ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാവുകയാണ്. പ്രതിദിനം സ്ഥിരീകരിക്കുന്ന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ആശങ്ക ഉയര്‍ത്തുന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇത് ആദ്യമായാണ് ഇത്രയധികം പോസിറ്റീവ് കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും.

1,38,73,825 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 1027 പേര്‍ കൊവിഡ് രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടു. ഇതോടെ രാജ്യത്തെ കൊവിഡ് മരണ നിരക്ക് 1,72,085 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 82,339 പേര്‍ രോഗമുക്തരായി. 1,23,36,036 പേരാണ് ഇതുവരെ രോഗത്തില്‍ നിന്നും മുക്തി നേടിയത്. 13,65,704 രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി നിലവില്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്.

 

Top