കൊച്ചി: കോവിഡ് കാലത്തെ സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. കോവിഡ് കാലത്തെ സമരം കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. പത്ത് പേര്‍ ചേര്‍ന്ന് സമരം ചെയ്യാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തെറ്റാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒരു തരത്തിലുള്ള സമരങ്ങളോ പ്രതിഷേധങ്ങളോ പാടില്ല എന്നാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഇന്നലെയാണ് ഇത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയില്‍ എത്തിയത്. ഹര്‍ജി ഇന്നത്തേക്ക് മാറ്റിയ കോടതി സര്‍ക്കാരിന്റെ വിശദീകരണവും തേടിയിരുന്നു. കോവിഡ് കാലത്തെ സമരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി അംഗീകരിച്ച കേന്ദ്ര മാനദണ്ഡങ്ങളുടെ ലംഘനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇത് അംഗീകരിക്കാനാവില്ല. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഇളവും അംഗീകരിക്കാനാവില്ല. പ്രതിഷേധങ്ങള്‍ ഉണ്ടായാല്‍ പൂര്‍ണ ഉത്തരവാദികള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ആയിരിക്കുമെന്നും കോടതി വ്യക്തമാക്കി.