തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കുന്നു. എറണാകുളം അടക്കം ചില ജില്ലകളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഈ നീക്കം. തെരഞ്ഞെടുപ്പ് ജോലിയുണ്ടായിരുന്നവരില്‍ ചിലര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായതോടെ നടത്തിയ പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെയാണ് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജീവനക്കാരെയെല്ലാം പരിശോധനക്ക് വിധേയമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയത്.
ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെ പട്ടിക റിട്ടേണിങ് ഓഫീസര്‍മാര്‍ ജില്ലാ ആരോഗ്യവകുപ്പിന് കൈമാറണം. ഇവര്‍ക്കെല്ലാം സര്‍ക്കാര്‍ ചെലവില്‍ പരിശോധന നടത്തും. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്ന പല പ്രമുഖ നേതാക്കളും രോഗബാധിതരായതോടെ സമ്പര്‍ക്കത്തില്‍ വന്നവരും വോട്ടര്‍മാരും അടക്കം ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.