പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങിവരാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന നിലപാടിലുറച്ച് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.രോഗവ്യാപനം തടയാനാണ് തീരുമാനമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

രോഗമുള്ളവരും രോഗമില്ലാത്തവരും ഒന്നിച്ച് യാത്ര ചെയ്താല്‍ അത് രോഗത്തിന്റെ വ്യാപ്തി കൂടാന്‍ കാരണമാകുന്നു. അതിനാലാണ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. എന്നാല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്ന് നിര്‍ബന്ധമില്ലെന്നും റാപ്പിഡ് ടെസ്റ്റെങ്കിലും നടത്തിയാല്‍ മതിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

സര്‍ക്കാര്‍ തീരുമാനത്തിനെതിരേ വിവിധ പ്രവാസി സംഘടനകള്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം തുടരുകയാണ്.

പുറത്തുനിന്ന് വരുന്നവരിലെ രോഗവ്യാപനത്തിന്റെ കണക്ക് ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ 0.22 ശതമാനം മാത്രമാണ് കോവിഡ് പോസിറ്റീവാകുന്നതെന്നും അതേസമയം, പ്രവാസികളില്‍ അത് 1.22 ശതമാനമാണെന്നും സര്‍ക്കാര്‍ പറയുന്നു.

Top