ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സമാനമായി ഇനി കോവിഡ് പരിശോധന ഫലവും കോവിന്‍ വെബ്സൈറ്റുമായി ബന്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് ഉടന്‍ തന്നെ പ്രാബല്യത്തിലാകുമെന്ന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി മേധാവി ആര്‍.എസ്.ശര്‍മ്മ പറഞ്ഞു.
ഡിജിറ്റല്‍ സിഗ്‌നേച്ചറോട് കൂടിയ ആര്‍ടിപിസിആര്‍ പരിശോധന ഫലം കോവിന്‍ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. നിലവില്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് പോലെയുള്ള സംവിധാനം ഒരുക്കുകയാണ് തങ്ങളെന്നും ശര്‍മ്മ വ്യക്തമാക്കി.
‘ ഒരു രാജ്യം നമ്മുടെ വാക്സിന്‍ പാസ്പോര്‍ട്ട് അംഗീകരിക്കുന്നുണ്ടെങ്കില്‍ നമ്മള്‍ അവരുടേതും അംഗീകരിക്കും. അത്തരം രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. അന്താരാഷ്ട്ര നിലവാരത്തില്‍ തന്നെയാണ് ഇന്ത്യ വാക്സിന്‍ പാസ്പോര്‍ട്ട് സജ്ജീകരിച്ചിട്ടുള്ളതെന്നും ശര്‍മ്മ അറിയിച്ചു.
ക്യൂ ആര്‍ കോഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ യഥാര്‍ത്ഥത്തില്‍ വേണ്ട എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വ്യോമയാന മന്ത്രാലയവുമായും വിദേശകാര്യ മന്ത്രാലയവുമായും സഹകരിച്ചുകൊണ്ടാണ് ഇതിന്റെ പാക്കറ്റ് സൃഷ്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.