ഡല്‍ഹി വിമാനത്താവളത്തില്‍ കോവിഡ് പരിശോധനാ ലാബ് വരുന്നു; ഫലം ഇനി ആറ് മണിക്കൂറിനുള്ളിൽ

ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോവിഡ് പരിശോധനാ ലാബ് തുറക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കായാണ് ഇത്തരത്തിൽ ഒരു സംവിധാനം ഒരുക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള സംവിധാനം നിലവില്‍ വരുന്നത്‌. ആറ് മണിക്കൂറിനകം ആര്‍ടി – പിസിആര്‍ പരിശോധനാഫലം ലഭിക്കും.

സെപ്റ്റംബര്‍ മധ്യത്തോടെ ലാബ് പ്രവര്‍ത്തിച്ചു തുടങ്ങും. കോവിഡ് പരിശോധനയ്ക്കായി ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ള സ്വകാര്യ ലാബിന്റെ സഹകരണത്തോടെയാണ് ടെര്‍മിനല്‍ മൂന്നിന്റെ കാര്‍ പാര്‍ക്കിങ്ങില്‍ 3,500 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്ത് പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

സാമ്പിള്‍ ശേഖരിച്ചാല്‍ നാല് മുതല്‍ ആറുവരെ മണിക്കൂറുകള്‍ക്കകം ഫലം ലഭിക്കും. അതുവരെ യാത്രക്കാര്‍ക്ക് വെയിറ്റിങ് ലോഞ്ചില്‍ ഐസൊലേഷനില്‍ ഇരിക്കുകയോ ഹോട്ടല്‍ മുറിയില്‍ തങ്ങുകയോ ചെയ്യാം. ഫലം പോസിറ്റീവായാല്‍ ഐസിഎംആറിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കും.

ഫലം നെഗറ്റീവാണെങ്കില്‍ അവര്‍ക്ക് സ്വതന്ത്രമായി എവിടേക്കും പോകാന്‍ കഴിയും. രാജ്യത്തേക്ക് വരുന്നവരുടെ കൈവശം 96 മണിക്കൂറിനുള്ളില്‍ ലഭിച്ച നെഗറ്റീവ് ആര്‍ടി – പിസിആര്‍ പരിശോധനാഫലം ഉണ്ടെങ്കില്‍ അവരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ ഓഗസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലേക്കുള്ള യാത്ര തുടങ്ങുന്നതിന് മുമ്പ് പരിശോധന നടത്താന്‍ കഴിയാത്തവര്‍ക്ക് രാജ്യത്ത് എത്തിയാലുടന്‍ പരിശോധന നടത്താനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. വിമാനത്താവളത്തില്‍ ഇത്തരത്തിലുള്ള സംവിധാനം രാജ്യത്തുതന്നെ ആദ്യമായാണ്.

Top