ഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരിശോധകൾ കൂട്ടാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ. കോവിഡ് പരിശോധനയും ജനതക ശ്രേണീകരണവും വർധിപ്പിക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുള്ളത്. കോവിഡ് അവലോകനയോഗം വിളിച്ചുചേർക്കാനും സംസ്ഥാന ആരോഗ്യമന്ത്രിമാരോട് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.
ഈ മാസം 10,11 തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ സംഘടിപ്പിക്കും. ആരോഗ്യസംവിധാനവും ആശുപത്രികളുമെല്ലാം വലിയ കോവി തരംഗമോ വ്യാപനമോ ഉണ്ടായാൽ പ്രതിരോധിക്കാൻ സജ്ജമാണോ എന്നു പരിശോധിക്കുകയാണ് ലക്ഷ്യം. കോവിഡ് മോക്ഡ്രിൽ നടത്തുന്ന ആശുപത്രികളിൽ ആരോഗ്യമന്ത്രിമാർ നേരിട്ടു സന്ദർശിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
മോക്ഡ്രില്ലിന് മുമ്പായി തന്നെ ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും അവലോകനയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണം. സംസ്ഥാനങ്ങളിൽ ഏതുവകഭേദമാണ് വ്യാപിക്കുന്നതെന്ന് കണ്ടെത്തണം. സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങൾ ഉറപ്പുവരുത്തണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് ഇന്ന് കോവിഡ് അവലോകനയോഗം ചേർന്നത്. കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി, ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. സംസ്ഥാന ആരോഗ്യമന്ത്രിമാർ, ആരോഗ്യ സെക്രട്ടറിമാർ തുടങ്ങിയവർ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. രാജ്യത്ത് ഇന്നലെ 6050 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.