കൊവിഡ്; ഉദ്ദേശിച്ച രീതിയില്‍ കുറവു വന്നെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തില്‍ ഉദ്ദേശിച്ച രീതിയില്‍ കുറവ് വന്നിട്ടുണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പതിനാറുവരെ തുടരുന്നുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ സ്ട്രാറ്റജിയില്‍ മാറ്റം വരുത്തും. സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാ രീതിയും നടപ്പാക്കുന്നതിന് പകരം രോഗവ്യാപനത്തിന്റെ തീവ്രതയ്ക്കനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോതു കണക്കാക്കി തരം തിരിച്ചു പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കും. അതിന്റെ വിശദമായ കാര്യങ്ങള്‍ അടുത്ത ദിവസം തീരുമാനിച്ചറിയിക്കും.

പരിശോധനകള്‍ നല്ല തോതില്‍ വര്‍ധിപ്പിക്കണം എന്ന് തന്നെയാണ് കാണുന്നത്. അക്കാര്യത്തിലും നിരീക്ഷണത്തില്‍ കഴിയേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചും പുതിയ ക്യാംപയിന്‍ തന്നെ ആലോചിക്കും. വീടുകളില്‍ നിന്നാണ് ഇപ്പോള്‍ കൂടുതലായി രോഗം പകരുന്നത്. അത് തടയാനുള്ള മാര്‍ഗങ്ങള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top