ന്യൂഡല്‍ഹി: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മുഖ്യമന്ത്രി തന്നെയാണ് രോഗവിവരം അറിയിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി തന്നോട് സമ്പര്‍ക്കം പുലര്‍ത്തിയ പ്രവര്‍ത്തകരോടും മറ്റും സ്വയം നിരീക്ഷണത്തില്‍ പോകാനും പരിശോധന നടത്താനും ഖട്ടര്‍ ആവശ്യപ്പെട്ടു.
കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഖട്ടര്‍ സ്വയം നിരീക്ഷണത്തിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ ഖട്ടറിനെ ഗുരുഗ്രാമിലുള്ള മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹരിയാന സ്പീക്കര്‍ ജിയാന്‍ ചന്ദ് ഗുപ്തക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സ്പീക്കറിനു കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മറ്റു മന്ത്രിമാര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മനോഹര്‍ ലാല്‍ ഖട്ടറിന് കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഒപ്പം രണ്ട് എംഎല്‍എമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.