മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്സ് സംഘത്തിലെ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഐപിഎല്ലിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നത് ബിസിസിഐ തല്‍ക്കാലത്തേക്കു നിര്‍ത്തിവെച്ചു. 13ാം സീസണിന്റെ ഷെഡ്യൂള്‍ ഇന്നു പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്.
സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്ലിന്റെ 13ാം സീസണ്‍ നടത്താന്‍ ബിസിസിഐ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും യുഎഇയിലെ പെരുമാറ്റച്ചട്ടങ്ങളില്‍ പലയിടത്തും വ്യത്യസ്തമായതിനാല്‍ ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നത് വൈകുകയായിരുന്നു.
സിഎസ്‌കെയിലെ ഒരു ഇന്ത്യന്‍ പേസര്‍ക്കും ചുരുങ്ങിയത് 10 സ്റ്റാഫുമാരുടെയും കോവിഡ് പരിശോധനാ ഫലമായിരുന്നു പോസിറ്റീവായത്. ഇന്ത്യയുടെ യുവ പേസര്‍ ദീപക് ചഹറിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും സിഎസ്‌കെ പുറത്തുവിട്ടിട്ടില്ല. 14 ദിവസം താരത്തിന് ക്വാറന്റീനില്‍ കഴിയേണ്ടി വരും. അതിനു ശേഷം 24 മണിക്കൂറിനിടെ ചഹറിന് രണ്ടു ടെസ്റ്റുകള്‍ക്കു വിധേയനാക്കും. ഇതിന്റെ ഫലം നെഗറ്റീവാണെങ്കില്‍ മാത്രമേ പരിശീലനത്തിനു അനുവദിക്കുകയുള്ളൂ.