ന്യൂഡല്‍ഹി: രാജ്യത്തെ കുട്ടികളുടെ കൊവിഡ് ചികിത്സയ്ക്കായുള്ള മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടപടി. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസാണ് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ബുധനാഴ്ച രാത്രിയാണ് പുതിയ മാര്‍ഗരേഖ കേന്ദ്രം പുറത്തിറക്കിയത്.
റെംഡസിവീര്‍ കുട്ടികള്‍ക്ക് നല്‍കരുതെന്നാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്. മരുന്ന് 18 വയസില്‍ താഴെയുള്ളവരില്‍ ഫലപ്രദമാണെന്നതിന് തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് നിര്‍ദേശം.
സ്റ്റിറോയിഡുകളുടെ ഉപയോഗം കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത കുട്ടികളില്‍ ആവശ്യമില്ലെന്നാണ് വിലയിരുത്തല്‍. 12 വയസിന് മുകളിലുള്ള കുട്ടികള്‍ ആറ് മിനിറ്റ് നടന്നതിന് ശേഷം പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിജന്‍ അളവ് പരിശോധിക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ട്.
പരിശോധനയില്‍ രക്തത്തില്‍ ഓക്‌സിജന്റെ അളവില്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനത്തിന്റെ കുറവുണ്ടാവുകയോ, കുട്ടികള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്താല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. രക്തത്തില്‍ ഓക്‌സിജന്റെ അളവ് 94 ശതമാനത്തിലും താഴ്ന്നാലും ശ്രദ്ധിക്കണം. എന്നാല്‍, ഗുരുതര ആസ്തമ രോഗമുള്ള കുട്ടികള്‍ക്ക് ഇത്തരം ചികിത്സ രീതി നിര്‍ദേശിക്കുന്നില്ല.
ചെറിയ രോഗലക്ഷണമുള്ളവര്‍ക്ക് പാരസെറ്റാമോള്‍ ഡോക്‌റുടെ നിര്‍ദേശമനുസരിച്ച് നല്‍കാമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അവശ്യഘട്ടങ്ങളില്‍ രോഗത്തിന്റെ തീവ്രത മനസിലാക്കാന്‍ ഹൈ റെസലൂഷന്‍ സി.ടി സ്‌കാനിങ് ഉപയോഗിക്കാമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.