കൊച്ചി: കൊവിഡ് ചികിത്സാ നിരക്ക് ഏകീകരണ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊവിഡ് ചികിത്സയില്‍ മുറിവാടക സ്വകാര്യ ആശുപത്രികള്‍ക്ക് തന്നെ നിശ്ചയിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവിനെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനടങ്ങിയ ഡിവിഷന്‍ ബഞ്ച് നേരത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
കോടതി ഉത്തരവിനെ തന്നെ മറികടക്കുന്നതാണ് സര്‍ക്കാര്‍ നടപടിയെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാല്‍ പരിഷ്‌കരിച്ച ഉത്തരവിലെ പിഴവുകള്‍ തിരുത്താമെന്നറിയിച്ചിട്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും.
ഇതു കൂടാതെ വിതരണക്കമ്പനികള്‍ ഓക്‌സിജന്‍ വില വര്‍ധിപ്പിച്ചതിനെതിരെ നല്‍കിയിട്ടുള്ള ഹര്‍ജിയും കോടതി പരിഗണിക്കും. വില വര്‍ധന ആശുപത്രി നടത്തിപ്പിനെ കാര്യമായി ബാധിക്കുന്നുവെന്നാണ് ആശുപത്രി മാനേജ്‌മെന്റുകളുടെ വാദം. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ നിലപാട് അറിയിച്ചേക്കും.