സൗദിയില്‍ ഇന്ന് 51 കൊവിഡ് രോഗികള്‍; മൂന്ന് മരണം

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് വീണ്ടും മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം 51 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. 35 രോഗബാധിതര്‍ ഇന്ന് സുഖം പ്രാപിക്കുകയും ചെയ്!തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 45,594 പി.സി.ആര്‍ പരിശോധനകള്‍ ഇന്ന് നടന്നു.

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗ ബാധിതരുടെ എണ്ണം 5,48,474 ആയി. ഇതില്‍ 5,37,453 പേരും സുഖം പ്രാപിച്ചു. ആകെ 8,788 പേര്‍ മരിച്ചു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 59 പേരുടെ നില ഗുരുതരമാണ്. വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 11, മക്ക 3, മദീന 2, ദമ്മാം 2, യാംബു 2, ദഹ്‌റാന്‍ 2, മറ്റ് 15 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍. രാജ്യത്താകെ ഇതുവരെ 45,537,857 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,158,645 എണ്ണം ആദ്യ ഡോസ് ആണ്. 21,379,212എണ്ണം സെക്കന്‍ഡ് ഡോസും. 1,698,596 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്.

Top