കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു, നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചൈന

ഷാങ്ഹായ്: ചൈനയില്‍ വീണ്ടും കൊവിഡ് രൂക്ഷമാകുന്നു. ഷാങ്ഹായ് നഗരത്തില്‍ വീണ്ടും രോഗ വ്യാപനം ഉയര്‍ന്നതോടെ അധികൃതര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഷാങ്ഹായില്‍ മാത്രം 4,477 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

ആളുകള്‍ക്ക് വീടിന് പുറത്തേക്ക് ഇറങ്ങുന്നതിനും വളര്‍ത്തുനായ്ക്കളെ പുറത്തേക്കിറക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഷാങ്ഹായ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന പുഡോംഗ് ജില്ലയില്‍ ആളുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്.

കൊവിഡ് പരിശോധന നടത്തുന്നതിന് മാത്രം പുറത്തേക്കിറങ്ങാനാണ് അനുമതി നല്‍കിയിട്ടുള്ളത്. രോഗ ബാധിതര്‍ വായു സഞ്ചാരമുള്ള പ്രദേശകളിലേക്ക് നടക്കുമ്പോള്‍ അത് രോഗ വ്യാപനത്തിന് വഴിവെക്കുമെന്നും അതിനാല്‍ ജനങ്ങള്‍ ഇടനാഴികളിലേക്ക് നടക്കരുതെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചിട്ടുള്ളത്. അവശ്യ സാധനങ്ങളും മരുന്നുകളും വീടുകളിലേക്ക് എത്തിച്ചു നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, ജനങ്ങള്‍ക്കായി നികുതി ഒഴിവാക്കലുകള്‍, വാടക തീയതികള്‍ നീട്ടിക്കൊടുക്കല്‍, ചെറുകിട ബിസിനസുകാര്‍ക്ക് വായ്പകള്‍ നല്‍കല്‍ തുടങ്ങിയ സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കണക്കുകള്‍ പ്രകാരം ചൊവ്വാഴ്ച മാത്രം രാജ്യവ്യാപകമായി 6,886 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Top