കൊവിഡ് കുതിച്ചുയരുന്നു; രാജ്യത്ത് പ്രതിദിന കേസുകള്‍ വീണ്ടും കാല്‍ ലക്ഷം പിന്നിട്ടു

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക ഉയര്‍ത്തി കൊവിഡ് കേസുകളില്‍ കുതിപ്പ് തുടരുന്നു. 24 മണിക്കൂറിനിടെ ഇരുപത്തി ഏഴായിരത്തില്‍പരം കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വര്‍ധനയാണ് രാജ്യത്തെ പ്രതിദിന കേസിലുണ്ടായത്. മഹാരാഷ്ട്രയില്‍ പ്രതിദിന രോഗികള്‍ പതിനായിരത്തിനടുത്താണ്.

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 9,170 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബംഗാളിലും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി. 4,512 പേര്‍ക്ക് സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ദില്ലിയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ 51 ശതമാനം വര്‍ധനയുണ്ടായി. 24 മണിക്കൂറിനിടെ 2,716 കേസുകളാണ് സ്ഥിരീകരിച്ചത്.

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാള്‍, ഹരിയാന, തെലങ്കാന സര്‍ക്കാരുകള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചു.

Top