ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ എണ്ണത്തില്‍ ഗണ്യമായി വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറില്‍ രണ്ടര ലക്ഷത്തിനടുത്ത് പുതിയ കൊവിഡ് രോഗികളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 2,47,417 പുതിയ കേസുകളാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഡെല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ ആശങ്കയിലാണ്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ വ്യാപനവും നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞ ദിവസത്തേക്കാള്‍ 17 ശതമാനം വര്‍ദ്ധനവാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്, 13.11 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. അതേസമയം 24 മണിക്കൂറില്‍ 84,825 പേര്‍ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. 11,17,531 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. ഇതില്‍ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം പകുതിയില്‍ കുറവാണ്. ,488 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഒമിക്രോണ്‍ ആശങ്ക നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നേക്കും. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. ഞായറാഴ്ച ഉന്നതതല യോഗം ചേര്‍ന്ന് പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തിയിരുന്നു. വൈകീട്ട് നടക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നിര്‍ണായക തീരുമാനങ്ങളെടുത്തേക്കുമെന്നും സൂചനയുണ്ട്.