ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി. 24 മണിക്കൂറിനിടെ 43,211 പേരാണ് രോഗബാധിതരായത്.
കര്‍ണാടകത്തില്‍ 28, 723 പേര്‍ക്കും, പശ്ചിമ ബംഗാളില്‍ 22,645 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിലും കൊവിഡ് കേസുകള്‍ കുതിക്കുകയാണ്. ഇന്നലെ 23459 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
ചെന്നൈയിലെ പ്രതിദിന കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ 8963 പേര്‍ക്കാണ് ചെന്നൈയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലിരുന്ന 26 പേര്‍ മരിച്ചു. ഒന്നര ലക്ഷത്തിലേറെ പരിശോധനകളാണ് ഇന്നലെ നടത്തിയത്. രോഗമുക്തരായ 9026 പേര്‍ ആശുപത്രി വിട്ടു. ഇന്ന് ചെറുതും വലുതുമായ നിരവധി ജല്ലിക്കട്ടുകള്‍ നടക്കുന്ന മാട്ടുപ്പൊങ്കല്‍ ദിവസമാണ്. ജല്ലിക്കട്ട് വേദികളില്‍ ആള്‍ക്കൂട്ടം പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടങ്ങളും പൊലീസും. നാളെ തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ ലോക്ഡൗണാണ്.
ദില്ലിയില്‍ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും പോസറ്റീവിറ്റി നിരക്ക് 30 ശതമാനം ആയി ഉയര്‍ന്നു. ദില്ലിയില്‍ ഇന്നും നാളെയും വാരാന്ത്യ കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം എന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ഇതിനിടെ രണ്ട് കോവിഡ് തരംഗങ്ങളിലും മരണങ്ങള്‍ കുറച്ചു കാണിച്ചെന്ന ആരോപണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളി. സംസ്ഥാനങ്ങള്‍ നല്‍കിയ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സമാഹരിക്കുകയായിരുന്നു എന്നും കേന്ദ്രം വ്യക്തമാക്കി.