കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് കഴിഞ്ഞ 10 ദിവസത്തിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി കുവൈത്തില്‍ പ്രതിദിന കൊവിഡ് കേസുകളിലും കുറവുണ്ടായിട്ടുണ്ട്.
നിലവില്‍ കുവൈത്തിലെ ആരോഗ്യ സാഹചര്യം സാധാരണ നിലയിലാണെന്നുംആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്‌റെം പറഞ്ഞു. രാജ്യത്തെ എല്ലാ ജനങ്ങളും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും രണ്ടാം ഡോസ് വാക്‌സിനെടുത്ത് ആറു മാസം പൂര്‍ത്തിയായവര്‍ ബൂസ്റ്റര്‍ ഡോസിനായി മുമ്പോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ കുവൈത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടിയന്തരമല്ലാത്ത വിദേശ യാത്രകള്‍ ഒഴിവാക്കണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.