മസ്‌കത്ത്: ഒമാനിലെ ആശുപത്രികളില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത് ഇനി ആറ് രോഗികള്‍ മാത്രം. ഇവരില്‍ നാല് പേരുടെ നില ഗുരുതരമായതിനാല്‍ അവര്‍ തീവ്ര പരിചരണ വിഭാഗങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു കൊവിഡ് രോഗിയെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്.
രാജ്യത്ത് പുതിയതായി എട്ട് പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം തന്നെ രോഗമുക്തരായവരുടെ എണ്ണം 220 ആണ്. ദിവസങ്ങളായി രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 3,04,299 പേര്‍ക്ക് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,99,654 പേരും ഇതിനോടകം രോഗമുക്തരാവുകയും ചെയ്തു. 4111 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായി. നിലവില്‍ 534 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ട്. നിലവില്‍ 98.5 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.