സൗദി അറേബ്യയില്‍ പുതുതായി 317 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ പുതുതായി 317 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 668 പേര്‍ സുഖം പ്രാപിച്ചെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,47,436 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,27,544 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,008 ആയി. രോഗബാധിതരില്‍ 10,884 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 422 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.33 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമായി. 24 മണിക്കൂറിനിടെ 50,015 ആര്‍.ടിപി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 92, ജിദ്ദ 32, ദമ്മാം 20, മദീന 19, അബഹ 18, മക്ക 12 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 6,13,71,133 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 2,60,24,197 ആദ്യ ഡോസും 2,42,84,039 രണ്ടാം ഡോസും 1,10,62,897 ബൂസ്റ്റര്‍ ഡോസുമാണ്.

Top