സൗദിയില്‍ ഇന്ന് 353 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ കുറവ്. രാജ്യത്ത് ഇന്ന് 353 പേര്‍ക്ക് മാത്രമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗബാധിതരില്‍ 456 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തതായി സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മരണനിരക്കിലും കുറവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഏഴ് മരണങ്ങള്‍ മാത്രമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

നിലവില്‍ രോഗബാധിതരായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 4,377 ആയി കുറഞ്ഞു. ഇതില്‍ 1,108 പേര്‍ മാത്രമാണ് ആശുപത്രികളില്‍ തീവ്രപരിചരണത്തില്‍ കഴിയുന്നത്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്ത് കൊവിഡ് വ്യാപനം നന്നായി കുറഞ്ഞതിന്റെ തെളിവായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

രാജ്യത്ത് ഇന്ന് 68,962 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,42,707 ആയി. ഇതില്‍ 5,29,833 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,497 ആണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. കൂടാതെ, സൗദിയില്‍ കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 34,465,193 ഡോസ് ആയി ഉയര്‍ന്നു.

Top