തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തിലൂടെ അറിയിച്ചു. ഇതില്‍ 2067 കേസുകളും സമ്പര്‍ക്കത്തിലൂടെയാണ്. 10 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ദക്ഷിണേന്ത്യയില്‍ രോഗവ്യാപനം രൂക്ഷമാകുകയാണ്. കര്‍ണാടകയില്‍ രോഗബാധിതര്‍ മൂന്നു ലക്ഷം കഴിഞ്ഞു. തമിഴ്നാട്ടില്‍ കേസുകള്‍ നാല് ലക്ഷമായി. ഏഴായിരം പേര്‍ മരിച്ചു. കര്‍ണാടകത്തില്‍ 10 ലക്ഷത്തില്‍ 82 പേരും തമിഴ്നാട്ടില്‍ 93 പേരും എന്നിങ്ങനെയാണ് കോവിഡ് മരണ നിരക്ക്. കേരളത്തില്‍ 10 ലക്ഷത്തില്‍ എട്ട് എന്ന നിരക്കില്‍ രോഗബാധ പിടിച്ചുനിര്‍ത്താന്‍ സാധിച്ചു. അയല്‍ സംസ്ഥാനങ്ങളിലെ നിലയായിരുന്നു കേരളത്തിലെങ്കില്‍ കേരളത്തില്‍ ആയിരക്കണക്കിന് മരണങ്ങള്‍ സംഭവിച്ചേക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ സംവിധാനവും പ്രതിരോധ നടപടികളും കാര്യക്ഷമമാക്കാന്‍ നമുക്ക് സാധിച്ചു. ഇപ്പോഴുള്ളതിലും എട്ട് മടങ്ങ് രോഗികള്‍ വര്‍ധിച്ചാലും ചികിത്സ നല്‍കാനുള്ള സൗകര്യങ്ങള്‍ നിലവില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിദിന കോവിഡ് പരിശോധന നാല്‍പതിനായിരം കടന്നു. ഇന്നലെ വരെ 1525792 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായും മുഖ്യമന്ത്രി പറഞ്ഞു.