തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
7013 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 730 കേസുകളാണ് ഇന്നുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 105 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 24 മണിക്കൂറില്‍ 59,157 സാമ്പിളുകള്‍ പരിശോധന നടത്തി. 2,828 പേരാണ് രോഗമുക്തരായത്. നിലവില്‍ സംസ്ഥാനത്ത് 72,339 പേര്‍ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറില്‍ 59,157 സാംപിളുകള്‍ പരിശോധിച്ചു. കോവിഡ് പകര്‍ച്ചവ്യാധി സംസ്ഥാനത്ത് ഭീതിജനകമായി തൊഴിലില്ലായ്മ സൃഷ്ടിച്ചു. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി സംയോജിത പദ്ധതി നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. അതിനായി 100 ദിവസം കൊണ്ട് 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
1000 ആളുകള്‍ക്ക് 5 എന്ന തോതില്‍ ഒരോ പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും കാര്‍ഷികേതര മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ലോക്ഡൗണിനു മുന്‍പേ തന്നെ ഇതു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോവിഡ് ഇതിനു വിലങ്ങുതടിയായി. ഏതൊക്കെ മേഖലകളില്‍ ഏതെല്ലാം ഏജന്‍സികളുടെ പരിധിയിലാണ് ഈ തൊഴിലവസരങ്ങള്‍ എന്ന് വിശദമായി രേഖ തയാറാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
500000 തൊഴിലവസരങ്ങള്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി 95,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണു ലക്ഷ്യമിടുന്നത്. വിവിധ സ്‌കീമുകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ഇതിനു കാലതാമസമുണ്ടാകും. അതിനാല്‍ എത്ര ചുരുങ്ങിയാലും 50,000 തൊഴിലവസരങ്ങള്‍ ഡിസംബറിനുള്ളില്‍ സൃഷ്ടിക്കും.
എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഇതു സംബന്ധിച്ച ചര്‍ച്ചയില്‍ വിശദമായ കണക്കുകളും തൊഴില്‍ ലഭിച്ചവരുടെ മേല്‍വിലാസങ്ങളും പരസ്യപ്പെടുത്തും. ഇതിനു പ്രത്യേകമായ പോര്‍ട്ടല്‍ ആരംഭിക്കും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമോഖല സ്ഥാപനങ്ങളില്‍ 18600 പേര്‍ക്ക് തൊഴില്‍ നല്‍കും. സ്ഥിര, താല്‍ക്കാലിക, കരാര്‍ എന്നിവ ഇതില്‍പ്പെടും. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 425 തസ്തികകളും എയ്ഡഡ് കോളജില്‍ 700 തസ്തികകളും പുതിയ കോഴ്‌സുകളുടെ ഭാഗമായി 300 തസ്തികകളും സൃഷ്ടിക്കും.