ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് പ്രതിദിന കേസുകള്‍ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,480 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥരീകരിച്ചത്. 24 മണിക്കൂറിനിടെ 1,587 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടമായപ്പോള്‍ 88,977 പേര്‍ രോഗമുക്തി നേടി.
ഇതിനിടെ രാജ്യത്ത് ചികിത്സയില്‍ തുടരുന്ന രോഗികളുടെ എണ്ണം എട്ട് ലക്ഷത്തില്‍ താഴെയെത്തി. 73 ദിവസത്തിനുശേഷമാണ് സജീവ രോഗികളുടെ എണ്ണം എട്ട് ലക്ഷത്തില്‍ താഴെ എത്തുന്നത്. 7,98,656 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.
രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,97,62,793 ആയി ഉയര്‍ന്നു. 2,85,80,647 പേരാണ് ഇതുവരെ രോഗമുക്തരായത്. 96.03 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 3,83,490 പേര്‍ക്കാണ് ഇതുവരെ കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. 26,89,60,399 ഡോസ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.