കോവിഡ് വാക്‌സിനേഷൻ: 30 കുട്ടികൾക്ക് ഒരു സിറിഞ്ച്; നഴ്‌സ് അറസ്റ്റിൽ

ഭോപ്പാൽ: ഒരു സിറിഞ്ച് ഉപയോഗിച്ച് 30 സ്‌കൂൾ കുട്ടികൾക്ക് വാക്‌സിൻ നൽകിയ നഴ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിയായ ജിതേന്ദ്ര രാജിനെയാണ് അറസ്റ്റ് ചെയ്തത്. ഭോപ്പാലിനോട് ചേർന്നുള്ള ജെയിൻ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന വാക്‌സിനേഷനിടെയാണ് ഒറ്റ സിറിഞ്ച് ഉപയോഗിച്ച് നഴ്‌സ് 30 കുട്ടികൾക്ക് വാക്‌സിൻ നൽകിയത്. കുട്ടികൾക്കായി നടന്ന വാക്സിനേഷൻ ക്യാമ്പിനിടെയാണ് സംഭവം.

സ്വകാര്യ നഴ്‌സിങ് കോളജിൽ പഠിക്കുന്ന നഴ്‌സിങ് വിദ്യാർഥികൾക്ക് ആരോഗ്യവകുപ്പ് ഡ്യൂട്ടി ഏർപ്പെടുത്തിയിരുന്നു. ജിതേന്ദ്ര ഒന്നിനുപുറകെ ഒന്നായി ഒരു സിറിഞ്ച് ഉപയോഗിച്ച് 30 കുട്ടികൾക്ക് അദ്ദേഹം കോവിഡ് വാക്‌സിൻ നൽകി. ഒരു വിദ്യാർത്ഥിയുടെ പിതാവ് സംഭവം കണ്ടതോടെയാണ് വിവരം പുറത്തുവരുന്നത്. ‘കോളേജിലെ എച്ച്ഒഡിയാണ് എന്നെ കൊണ്ടുപോയത്. എനിക്ക് ഒരു സിറിഞ്ച് മാത്രമാണ് നൽകിയത്. അതേ സിറിഞ്ച് കൊണ്ട് കുട്ടികൾക്ക് വാക്‌സിനേഷൻ നൽകേണ്ടതുണ്ടോ എന്നും ഞാൻ അദ്ദേഹത്തോട് ചോദിച്ചിരുന്നു, അതെ എന്ന് അദ്ദേഹം നിർദേശിച്ചതായി ജിതേന്ദ്ര പറഞ്ഞു.

Top