ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനിലെ 27 അംഗ രാജ്യങ്ങളടക്കം അമ്പതോളം രാജ്യങ്ങള്‍ കോവിഡ് കുത്തിവയ്പ്പ് ആരംഭിച്ചു. ഇന്ത്യ കുത്തിവയ്പ് ആരംഭിക്കാനൊരുങ്ങുമ്പോള്‍ ഇസ്രയേലില്‍ വാക്സിന്‍ എടുത്തവരുടെ എണ്ണം 10 ലക്ഷം കടന്നു. പുതുവര്‍ഷ ദിനത്തില്‍ത്തന്നെയാണ് ഇസ്രായേലിന്റെ ഈ നേട്ടം. ഡിസംബര്‍ പത്തൊമ്പതിനാണ് ഇസ്രയേലില്‍ കുത്തിവയ്പ് ആരംഭിച്ചത്.
ചൈന ജൂലൈയില്‍ അടിയന്തരവിഭാഗങ്ങള്‍ക്ക് സ്വന്തം വാക്സിന്‍ നല്‍കിത്തുടങ്ങിയിരുന്നു. ഡിസംബര്‍ 19 ആയപ്പോഴേക്ക് ചൈനയിലും വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. യുഎഇ, ബഹ്റൈന്‍, ഇന്തോനേഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളും ചൈനയുടെ വാക്സിന്‍ ഉപയോഗിക്കുന്നുണ്ട്. റഷ്യ സെപ്തംബറില്‍ പ്രഖ്യാപിച്ച ‘സ്പുട്നിക് വി’ വാക്സിനും ചില രാജ്യങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പൊതുവില്‍ ഡിസംബര്‍ 26നും 27നും കുത്തിവയ്പ് ആരംഭിച്ചിട്ടുണ്ട്. ഇവിടെ ഭൂരിപക്ഷം രാജ്യങ്ങളിലും ഫൈസര്‍ -ബയോണ്‍ടെക് വാക്സിനാണ് നല്‍കിത്തുടങ്ങിയത്. ചില അംഗരാജ്യങ്ങള്‍ സ്വന്തം നിലയ്ക്കും വാക്സിന്‍ വാങ്ങി ഉപയോഗിക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേണ്ടത്ര വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന പരാതിയും ചില അംഗരാജ്യങ്ങള്‍ക്കുണ്ട്. ഹങ്കറി, റഷ്യന്‍ വാക്സിനും ഉപയോഗിക്കുന്നുണ്ട്. അമേരിക്കന്‍ കമ്പനിയായ മൊഡേണയുടെ വാക്സിന് ബുധനാഴ്ച യൂറോപ്യന്‍ യൂണിയന്റെ ഔഷധനിയന്ത്രണ ഏജന്‍സി അനുമതി നല്‍കിയേക്കും.