കോവിഡ് വാക്‌സിന്‍ ആദ്യം വിതരണം ചെയ്യുന്നത് ഒരു കോടിയോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന്‍ ആദ്യം വിതരണം ചെയ്യുന്നത് സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക്. അടുത്ത ഘട്ടത്തില്‍ രണ്ടു കോടിയോളം വരുന്ന കോവിഡ് മുന്നണിപ്പോരാളികള്‍ക്കും വാക്സിന്‍ വിതരണം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച സര്‍വകക്ഷിയോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

വാക്സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിതരണത്തിനായി തയ്യാറാവുമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ അറിയിച്ചിരുന്നു. വാക്സിന്‍ വില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി കേന്ദ്രത്തിന്റെ ചര്‍ച്ച തുടരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞു.

ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നുവരുള്‍പ്പടെയുളള ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് പ്രാഥമിക ഘട്ടത്തില്‍ വാക്സിന്‍ ലഭിക്കുക. പൊലീസ്, സാധുധ സേനാംഗങ്ങള്‍, മുനിസിപ്പല്‍ തൊഴിലാളികള്‍ എന്നുവരുള്‍പ്പെടുന്ന മുന്നണിപ്പോരാളികള്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ ലഭിക്കുക. വെള്ളിയാഴ്ച രാവിലെ 10.30ന് ആരംഭിച്ച വെര്‍ച്വല്‍ യോഗത്തില്‍ ലോക്സഭ, രാജ്യസഭകളിലുളള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലേയും നേതാക്കന്മാരെ ക്ഷണിച്ചിരുന്നു.

Top