ന്യൂഡല്‍ഹി: പഞ്ചാബ് സര്‍ക്കാര്‍ കൊവിഡ് വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വിലക്ക് നല്‍കിയെന്ന് ആരോപണം ഉന്നയിച്ച് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. പൊതുജനങ്ങള്‍ക്ക് സൗജന്യമായി നല്‍കേണ്ട വാക്‌സിനാണ് സംസ്ഥാന സര്‍ക്കാര്‍ വിലകൂട്ടി വില്‍കുന്നതെന്നും 309 രൂപയ്ക്ക് വാങ്ങുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയത് 1560 രൂപയ്ക്കാണെന്നും ഹര്‍ദീപ് സിങ് പുരി വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.
4.29 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ പഞ്ചാബ് വാങ്ങിയത് 13.25 കോടി രൂപയ്ക്കാണ്. ഒരുഡോസിന് ശരാശരി തുക 309 രൂപ. 4.70 കോടി രൂപ ചെലവഴിച്ച് 1,14,190 ഡോസ് കോവാക്‌സിനും സംസ്ഥാനം വാങ്ങിയെന്നാണ് കണക്കുകള്‍. ഇതിന്റെ ശരാശരി തുക 412 രൂപയാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാര്‍ 50 ശതമാനം കോവിഡ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായാണ് നല്‍കുന്നത്. എന്നാല്‍ സ്വന്തമായി വാങ്ങുന്ന വാക്‌സിനില്‍ സംസ്ഥാനങ്ങള്‍ ലാഭമുണ്ടാക്കുകയാണെന്നും ഹര്‍ദീപ് സിങ് പുരി ആരോപിച്ചു.